കോഴിക്കോട്: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്. ശബരിനാഥനാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
“പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്ബോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും, തീര്‍ച്ച.” എന്നാണ് ശബരിനാഥന് പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്.കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്കാന് തീരുമാനിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസവും ശബരിനാഥന് ശക്തമായി പ്രതികരിച്ചിരുന്നു.
രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബി.ജെ.പിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് നമ്മള് തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ല.