തിരുവനന്തപുരം/കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതൃത്വം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പല തവണ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണിത്. സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ എന്തു ചെയ്യാമെന്ന് സമാധാന യോഗത്തില്‍ പറഞ്ഞ എ.കെ ബാലനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ആരെയോ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണമാണ് നടന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമേറ്റ തിരിച്ചടിയാണ് വിധി. മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന് പറഞ്ഞു.
കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറയുന്നതായി ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് പ്രതികരിച്ചു. മാധ്യമങ്ങള്‍ക്കും നന്ദി. കൊലയുമായി ബന്ധമില്ലെന്ന സി.പി.എം നിലപാട് തിരുത്തപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം പറയുന്നപോലെ കേസുമായി മുന്നോട്ടുപോകുമെന്നും പിതാവ് പറഞ്ഞു. ജഡ്ജിയുടെ രൂപത്തില്‍ വച്ചത് പടച്ചവനാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

പടച്ചവന്റെ ഇടപെടലാണിതെന്ന് ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു. പടച്ചവന് നേരിട്ട് വന്ന് കോടതിയില്‍ പറഞ്ഞതായാണ് തോന്നുന്നത്. സത്യമേ വിജയിക്കൂ. തുടക്കം മുതല്‍ സര്‍ക്കാര്‍ ആരേയോ സംരക്ഷിക്കുന്നതുപോലെയാണ് പെരുമാറിയത്. സി.പി.എമ്മിന്റെ നേതാക്കള്‍ ഗൂഢാലോചനയില്‍ ഉള്ളതുകൊണ്ടാണല്ലോ അവര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. ഇതിനു പിന്നില്‍ ആളുകള്‍ ഉണ്ടെന്നും ഷുഹൈബിന്റെ സഹോദരി പറഞ്ഞു. സി.ബി.ഐ അന്വേഷണം വന്നില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.
ഷുഹൈബ് കൊല്ലപ്പെട്ട് 20 ദിവസത്തിനുള്ളിലാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നത്. ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്. 18നാണ് പ്രധാന പ്രതികളായ ആകാശ് തില്ലങ്കേരിയേയും റിജിന്‍ രാജിനെയും അന്വേഷണ സംഘം പിടികൂടുന്നത്. പിന്നീട് കോടതിയില്‍ ഹര്‍ജി എത്തുന്നതോടെ 27നാണ് ആയുധങ്ങള്‍ കണ്ടെത്തുന്നതും. ഇക്കാര്യമെല്ലാം കോടതി സംശയത്തോടെയാണ് വീക്ഷിച്ചത്.
രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ ഒരു ആത്മ ബന്ധമുണ്ട്. അവര്‍ പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ തമ്മില്‍ അത്തരമൊരു ബന്ധമില്ല. അവരാണ് പരസ്പരം വെട്ടിമരിക്കുന്നത്. കൊല്ലപ്പെടുന്നവരെല്ലാം സാധാരണക്കാരാണെന്നും കോടതി നിരീക്ഷിച്ചു.













