പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന് പ്രതിയായ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം കൂടിയേക്കും. മറ്റൊരു വൈദികനിലേക്കാണ് കേസന്വേഷണം നീളുന്നത്. പ്രതിയായ ഫാ. റോബിന് വടക്കുംചേരിക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയതിന്റെ പേരിലാണ് അന്വേഷണം. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ ശേഷവും ഈ വൈദികന് സഹായം നല്‍കിയോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവയ്ക്കാനും കുഞ്ഞിനെ അനധികൃതമായി സൂക്ഷിച്ച വയനാട് ചൈല്‍സ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) അംഗങ്ങളും പ്രതിയായേക്കും. കേസിന്റെ തങ്ങള്‍ പിടിയലാകുമെന്ന സൂചനയെ തുടര്‍ന്ന് സി.ഡബ്ല്യു.സി ചെയര്മാന് ഫാ. തോമസ് തേരകവും കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റിയും ഒളിവില്‍പ്പോയെന്നാണ് വിവരം. ഇരുവരെയും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്ന ഉത്തരവ് സര്‍ക്കാര്‍ നാളെ പുറത്തിറക്കും.

കേസില്‍ വൈദികന് റോബിന് വടക്കുംചേരിയെകൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളാണ്. ഡോക്ടര്‍മാര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോ. ഹൈദരാലി തുടങ്ങിയവരാണു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം ചുമത്തി.












