കൊച്ചിയില്‍ പഠനോപകരണങ്ങളുടെ ഗോഡൗണ്‍ കത്തിനശിച്ചു


കൊച്ചി: കൊച്ചിയില്‍ ഇന്നു രാവിലെ പഠനോപകരണങ്ങളുടെ ഗോഡൗണ്‍ കത്തിനശിച്ചു.എസ്‌ആര്‍എം റോഡിലെ പഠനോപകരണങ്ങളുടെ ഗോഡൗണാണ് കത്തിനശിച്ചത്. ആളപായമൊന്നും ഇല്ല.രാവിലെ ഒന്‍പതോടെയാണു തീപിടിച്ചത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണു തീപിടിക്കാന്‍ കാരണമെന്നു സംശയിക്കുന്നു.അഞ്ചു ലക്ഷംരൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നെക്സ്റ്റ് എജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റേതാണു ഈ ഗോഡൗണ്‍. എന്നാല്‍ ഇതേ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു കട നിലനില്‍ക്കുന്നത്. രണ്ടാം നിലയില്‍, ഷീറ്റ് മേഞ്ഞാണു ഗോഡൗണുണ്ടാക്കിയിരിക്കുന്നത്.
കൃത്യ സമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗാന്ധിനഗറില്‍നിന്നു മൂന്നും തൃക്കാക്കര, ക്ലബ് റോഡ് യൂണിറ്റുകളില്‍നിന്നു രണ്ടു വീതവും ഏലൂരില്‍നിന്ന് ഒന്നും ഫയര്‍ യൂണിറ്റുകളെത്തി, മൂന്നു മണിക്കൂറിലധികം ശ്രമിച്ചാണു തീയണച്ചതും സമീപ കെട്ടിടങ്ങളിലേക്കു പടരാതെ നോക്കിയതും.സ്റ്റേഷന്‍ ഓഫിസര്‍മാരായ രഞ്ജിത് കുമാര്‍, ജൂഡ് തദേവൂസ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പത്തഞ്ചോളം ഫയര്‍മാന്മാര്‍ ചേര്‍ന്നാണു തീയണച്ചത്.




Sharing is Caring