സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നതിന് വിധവയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അയ്യമ്പുഴ വില്ലേജ് ഓഫീസര്‍ കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി ആര്.സുധീറിനെയാണ് വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ് പി എം എന്‍ രമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്കിയ അയ്യമ്പുഴ സ്വദേശിനി ആനീസ് പോളിനോട് ഇയാള്‍ അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.

ഇതില്‍ ആദ്യപടിയായി രണ്ടായിരം രൂപ അടുത്ത ദിവസം നല്‍കാമെന്ന് അറിയിച്ച് മടങ്ങിയ ആനീസ് പോള്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാവിലെ വില്ലേജ് ഓഫീസിലെത്തിയ ആനീസ് പോള്‍ വിജിലന്‍സ് ഏല്പിച്ച ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ അഞ്ഞൂറ് രൂപയുടെ നാല് നോട്ടുകള്‍ വില്ലേജ് ഓഫീസര്‍ക്ക് നല്കി.
ഇത് വാങ്ങി പോക്കറ്റിലിട്ട വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണക്കില്‍ പെടാതെ ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
കൈക്കൂലിപ്പണം 36 ചിട്ടിഫണ്ടുകളിലും അഞ്ച് ബാങ്ക് അക്കൗണ്ടുകളിലുമാണ് ഇയാള്‍ നിക്ഷേപിച്ചിരുന്നതെന്ന് വിജിലന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കെ.എസ്.എഫ് ഇയില്‍ മാത്രം ഇയാള്‍ക്ക് ഇരുപത് ചിട്ടികളുണ്ട്. ഇത്രയധികം ചിട്ടികളില്‍ പ്രതിമാസം നിക്ഷേപം നടത്താന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കഴിയില്ലെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി













