കേരളത്തില്‍നിന്ന് നാലു കുട്ടികള്‍ക്ക് ദേശീയ ധീരതാ പുരസ്കാരം


കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരങ്ങളില്‍ നാലെണ്ണം കേരളത്തിന്. ഇന്ത്യന്‍ ശിശുക്ഷേമ കൗണ്‍സില്‍ നല്‍കുന്ന ഇത്തവണത്തെ 25 അവാര്‍ഡുകളില്‍ ഏറ്റവുമധികം നേടിയതും കേരളമാണ്.


ആദിത്യന്‍ എം.പി. പിള്ള, അഖില്‍.കെ. ഷിബു, ബിനില്‍ മഞ്ഞളി, കെ.പി. ബദറുന്നീസ എന്നിവര്‍ക്കാണ് പുരസ്കാരം. ജനുവരി 23-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് പുരസ്കാരം വാങ്ങിയ ശേഷം ഇവര്‍ റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കും.


പമ്ബാ നദിയില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയതാണ് റാന്നി എം.എസ്.എച്ച്‌.എസ്.എസ്. ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
റാന്നി മേലേതില്‍ പ്രദീപ് കെ. പിള്ളയുടെയും വി.എസ്. സുജയുടെയും മകനാണ്.

പെരിയാര്‍ കനാലില്‍ വീണ മൂന്നുപേരില്‍ ഒരാളെ രക്ഷപ്പെടുത്തിയതിനാണ് നെടുമ്ബാശ്ശേരിയിലെ ആന്റണിയുടെയും ഡോ. ബീനയുടെയും മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബിനിലിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

പമ്ബയില്‍ വീണ ഒരാളെ സാഹസികമായി രക്ഷപ്പെടുത്തിയതിനാണ് റാന്നി എം.എസ്.എച്ച്‌.എസ്.എസ്സില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ കല്ലൂപറമ്ബില്‍ അഖില്‍ കെ. ഷിബുവിന് പുരസ്കാരം. ഷിബുവിന്റെയും അന്‍സുവിന്റെയും മകനാണ്.

കുളത്തില്‍ മുങ്ങിത്താണ കൂട്ടുകാരിയെയും അമ്മയെയും രക്ഷപ്പെടുത്തിയതിനാണ് പട്ടാമ്ബി കളത്തുംപാടി ഹംസയുടെയും ഫാത്തിമയുടെയും മകളും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ കെ.പി. ബദറുന്നീസയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.

ഇത്തവണത്തെ ധീരതാ പുരസ്കാരങ്ങളില്‍ നാലെണ്ണം മരണാനന്തര ബഹുമതിയാണ്. അരുണാചല്‍ പ്രദേശിലെ എട്ടുവയസ്സുകാരന്‍ താര്‍ പേജു(ഭാരത് പുരസ്കാരം), മിസോറമിലെ റോളോപി (13), ലാല്‍റിയത്പി (14) (ഇരുവര്‍ക്കും ബാപ്പു ഗൈഥാനി അവാര്‍ഡ്), ജമ്മുകശ്മീരിലെ പായല്‍ ദേവി (ധീരതാ പുരസ്കാരം) എന്നിവരാണ് ജേതാക്കള്‍.

ബംഗാള്‍ സ്വദേശിനികളായ തേജസ്വീത പ്രഥാന്‍ (18), ശിവാനി ഗോണ്ട് (17) എന്നിവര്‍ക്കാണ് ഗീതാ ചോപ്ര പുരസ്കാരം. ഉത്തരാഖണ്ഡിലെ സുമിത്തിന് (15) സഞ്ജയ് ചോപ്ര പുരസ്കാരം ലഭിക്കും.



Sharing is Caring