കേരളത്തിന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിതരില്ല; 9 പേര്‍ രോഗമുക്തരായി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്ബിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്ബിളുകള്‍ ലാബുകളില്‍ പരിശോധിച്ച്‌ വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്കരിച്ച 21 സാമ്ബിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.


പുതുതായി 10 ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്ബൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 80 ആയി.



Sharing is Caring