കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ശരിവച്ചു


2005ല്‍ ഏറെ വിവാദമായ കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. പരീക്ഷയില്‍ ലോകായുക്ത കണ്ടെത്തിയ ക്രമക്കേടുകള്‍ അനുചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കി.


കേസിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ കേസ് തുടരാമെന്നും കോടതി വ്യക്തമാക്കി. ജോലി ലഭിച്ചവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് അനൂകുല്യങ്ങളും നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ആരെങ്കിലും മാനദണ്ഡം ലംഘിച്ച് നിയമനം നേടിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തുടരാമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.


1401 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ നിന്ന് ഇന്റർവ്യൂ നടത്തി 188 പേരെ നിയമിച്ചു. ഇതോടെയാണ് നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയർന്നത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം റിട്ട. ജസ്റ്റിസ് കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആരോപണം.

അന്വേഷണത്തിനിടെ നിയമനം നിര്‍ത്തിവയ്ക്കുകയും ലോകായുക്തയിലടക്കം കേസ് എത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തരക്കടലാസുകൾ തേടിയെങ്കിലും കണ്ടെത്താനാകാത്തതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് നിയമനം നേടിയവരിൽ 162 പേർ ഇപ്പോഴും സർവീസിലുണ്ട്. നിയമനം കേസിൽ പെട്ടതിനാൽ ഇവർക്ക് പ്രമോഷൻ ഉൾപ്പെടെ ലഭിച്ചില്ല. നിയമിച്ചവരെ പിരിച്ചു വിടാനായിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാൽ,​ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ നിന്ന് സറ്റേ വാങ്ങുകയായിരുന്നു.



Sharing is Caring