കെവിന്‍ വധക്കേസ് പ്രതിയുടെ വീഡിയോ കോളിംഗ്; കോടതി സ്വമേധയ കേസെടുത്തു


കോട്ടയം:കെവിന്‍ കേസിലെ പ്രതി കോടതി വളപ്പില്‍ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ കോടതി സ്വമേധയ കേസെടുത്തു. ഏഴാം പ്രതി ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കും എതിരെയാണു കേസ് കേസ്. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.


ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെവിന്‍ വധക്കേസിലെ ഏഴാം പ്രതി ഷെഫിന്‍ വിഡിയോ കോളില്‍ സംസാരിച്ചത് വിവാദമായിരുന്നു. കോടതി വളപ്പിലെത്തിയ ബന്ധുവായ പെണ്‍കുട്ടിയുടെ മൊബൈലിലൂടെ മാതാപിതാക്കളുമായാണ് ഷെഫിന്‍ സംസാരിച്ചത്.വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുക്കാന്‍ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.


കോടതിയുടെയും ജയിലറുടെയും ചട്ടങ്ങള്‍ ലംഘിച്ച്‌ വീഡിയോ കോള്‍ ചെയ്തതിനാണ് കേസ്. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ചവരും ഫോണ്‍ നല്‍കിയ പെണ്‍കുട്ടിയും പ്രതിയാകും. ഏറ്റുമാനൂര്‍ സിഐയ്ക്കായാണ് അന്വേഷണ ചുമതല.അതിനിടെ നീനുവിന് മനോരോഗം ഉണ്ടെന്ന പിതാവ് ചാക്കോയുടെ പരാതിയില്‍ കോടതി വാദം കേട്ടു . ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍, പൊലീസ് സീല്‍ ചെയ്ത തന്‍റെ വീട് തുറന്നു നല്‍കണമെന്ന് ചാക്കോയുടെ അപേക്ഷയിന്മേല്‍ ഈ മാസം 18 ന് കോടതി വിധി പറയും.

ചാക്കോയുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.



Sharing is Caring