തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ

ചെന്നൈ: തമിഴ്‍നാട്ടില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നതില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്‌പീക്കറുടെ ഉത്തരവ് ശരിവച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ അതിനോട് വിയോജിച്ചു. തുടര്‍ന്ന് കേസ് മൂന്നാമതൊരു ജ‌ഡ്ജിയുടെ പരിഗണനയ്ക്ക് വിട്ടു. ഈ ജഡ്‌ജി ആരാണെന്ന് ഉടന്‍ തന്നെ തീരുമാനിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 നാണ് ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ പി. ധനപാലന്‍ അയോഗ്യരാക്കിയത്. നേരത്തെ എടപ്പാടി കെ.പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച്‌ എം.എല്‍.എമാര്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിനെതിരെ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി. ദിനകരപക്ഷത്തെ 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുങ്ങി. ഇതോടെ ഭരണം നിലനിര്‍ത്താന്‍ വേണ്ട സംഖ്യ 108 ആയി കുറഞ്ഞു. അങ്ങനെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സഭയില്‍ വിശ്വാസവോട്ട് നേടാന്‍ കഴിഞ്ഞത്. നിലവില്‍ ഇ.പി.എസ്, ഒ.പി.എസ് പക്ഷത്തുള്ളത് 111 എം.എല്‍.എമാരാണ്.

ഇ.പി.എസ്​- ഒ.പി.എസ്​ പക്ഷങ്ങള്‍ യോജിച്ചപ്പോഴാണ് എം.എല്‍.എമാര്‍ ദിനകരന്‍ പക്ഷത്തേക്ക്​ കൂറുമാറിയത്.പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ നിയമസഭയില്‍ ഇനി 215 എം.എല്‍.എമാര്‍ മാത്രമാണ് അണ്ണാ ഡി.എം.കെയ്ക്കുള്ളത്. പ്രതിപക്ഷത്ത് ഡി.എം.കെ.യ്ക്ക് 89ഉം കോണ്‍ഗ്രസിന് എട്ടും മുസ്ളിം ലീഗിന് ഒരു എം.എല്‍.എയുമാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *