കെപിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ രണ്ടാമത് പട്ടികയ്ക്കെതിരെയും ഹൈക്കമാന്‍ഡ് നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എംപിമാരുടെയും, നേതാക്കളുടെയും സമര്ദ്ദത്തെതുടര്ന്നാണ് ഹൈക്കമാന്‍ഡ് രണ്ടാമത് പട്ടികയോടും വിയോജിപ്പ് അറിയിച്ചത്.പട്ടിക വീണ്ടും തിരുത്തണമെന്ന ആവശ്യത്തോട് പെട്ടെന്ന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകള്‍.
പ്രതിസന്ധി പരിഹാരമില്ലാതെ തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി തെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് തെരഞ്ഞെടുപ്പ് അതോറിറ്റി തലവന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നീങ്ങേണ്ടി വരും. കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തയ്യാറാക്കിയ രണ്ടാം പട്ടികയ്ക്കെതിരെയും കേരളത്തില്‍നിന്നുള്ള എംപിമാര്തന്നെയാണ് ശക്തമായി രംഗത്തുവന്നത്.

കെ വി തോമസ്, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്, ശശി തരൂര്‍, എം കെ രാഘവന് തുടങ്ങിയവരെല്ലാം പട്ടികയ്ക്കെതിരായ നിലപാടിലാണ്. മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്, കെ മുരളീധരന്, പി സി ചാക്കോ തുടങ്ങിയവരും രണ്ടാമത് തയ്യാറാക്കിയ പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. പി സി വിഷ്ണുനാഥിനെ പട്ടികയില്‍നിന്ന് നീക്കിയതിലുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടിയും പ്രകടമാക്കിയിട്ടുണ്ട്.












