കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ മുരളീധരന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടിയും രംഗത്ത്


സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ മുരളീധരന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടിയും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മാറ്റം വരുത്തണമെന്നും പട്ടിക പുറത്ത് വരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.


അതിനിടെ പട്ടികയില്‍ നിന്ന് പി സി വിഷ്ണുനാഥിനെ ഒഴിവാക്കിയതിനെതിരെ ഉമ്മന്‍ചാണ്ടിയും രംഗതെത്തി. പി സി വിഷ്ണുനാഥിനെ ഒഴിവാക്കിയതിന് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലാണെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നത്.


കഴിഞ്ഞ ദിവസം വി എം സുധീരനും പട്ടികയ്ക്കെതിരേ രംഗത്ത് വന്നിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും വെറും ഗ്രൂപ്പ് താല്‍പര്യം മാത്രമാണ് പട്ടിക തയ്യാറാക്കുമ്പോള്‍ നേതൃത്വം പരിഗണിച്ചതെന്നും പി സി ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കെപിസിസി പട്ടികക്കെതിരെ ഇന്ന് കെ മുരളീധരന്‍ എംഎല്‍എയും രംഗത്തെത്തിയത്.

നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ടാമതും പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരുന്നു. 282 പേരുടെ പട്ടികയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനും മറ്റ് മുതിര്‍ന്ന നേതാക്കളും രംഗത്തെത്തുകയായിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്കിനോടും കഴിഞ്ഞ ദിവസം സുധീരന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കെപിസിസി പട്ടികയും അനന്തമായി നീണ്ട് പോവാന്‍ കാരണമായത്.



Sharing is Caring