സ്കൂളുകളില്‍ ഇനി ജങ്ക്ഫുഡ് സംസ്കാരം വേണ്ട; പൊതുവിദ്യാഭ്യാസവകുപ്പ്

വിദ്യാലയങ്ങളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നിരോധിക്കുന്നു. കുട്ടികളുടെ ഭക്ഷണം വിഷരഹിതവും പോഷകപ്രദവും ശുചിത്വ പൂര്‍ണവുമാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും. കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍, കളറുകള്‍ ചേര്‍ന്ന ശീതളപാനീയങ്ങള്‍, അമിത അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും.
കാന്റീനുകളും കുട്ടികള്‍ ഭക്ഷണംകഴിക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളില്‍ ആരോഗ്യബോധം വളര്‍ത്താനും ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗംമൂലമുള്ള ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്താനുമുള്ള ബോധവത്കരണം, സെമിനാര്‍ എന്നിവ നടത്തണം.
നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് സ്കൂള്‍ നൂണ്‍മീല്‍ ഓഫീസര്‍മാരും പി.ടി.എ. കമ്മിറ്റിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തി ഉറപ്പാക്കണം.
ജങ്ക് ഫുഡ്സ് ഉപയോഗത്തിലെ ദൂഷ്യങ്ങള്‍
കലോറി കൂടുതലും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കുറവുമായവയാണ് ജങ്ക് ഫുഡുകള്‍. കൊക്കക്കോള, കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിവിധയിനം വറുത്തതും മസാലയും നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍, ചിലയിനം മിഠായികള്‍ എന്നിവയെല്ലാം ഈയിനത്തില്‍പ്പെടും.
കൊഴുപ്പ്, പഞ്ചസാര, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കല്‍, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇവയുടെ നിരന്തര ഉപയോഗത്തിലൂടെ പിടിപെടാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മദ്യംപോലെ സ്ഥിരമായി ഉപയോഗിച്ചാല്‍ അതിനടിമപ്പെടാനുള്ള സാധ്യതയും പുതിയ പഠനങ്ങളില്‍ പറയുന്നു.

Spread the love