കെ.എസ്.ആര്‍.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് യാത്ര വേണ്ടെന്ന് ഹൈക്കോടതി


കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലും സൂപ്പര്‍ എക്സ്പ്രസിലും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.


ലക്ഷ്വറി സര്‍വീസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്‌ആര്‍ടിസിയുടെ ഈ നടപടി മോട്ടോര്‍ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


നിലവില്‍ സൂപ്പര്‍ എക്സ്പ്രസ് മുതല്‍ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാറില്ല. വിധി വന്നതോടെ സൂപ്പര്‍ ഫാസ്റ്റിലെ നിന്നുള്ള യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത്. സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, മിന്നല്‍ പോലുള്ള സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയിലുള്ള യാത്രക്കാരെ നിലവില്‍ കൊണ്ടുപോകാറുള്ളൂ.



Sharing is Caring