കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്ബത്തൂര്‍ യാത്രകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കും. ജോളിയുടെ, കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം കോയമ്ബത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്ബത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്ബത്തൂരിലെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നും ജോളിയുടെ മകന് റോജോ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്ബത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമായത്.













