മുര്‍ഷിദാബാദ് കൂട്ടക്കൊല ; കൊല്ലപ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ്


മുര്‍ഷിദാബാദ്: പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപിയുടെ വാദം തള്ളി പോലീസ് . കൊല്ലപ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി . പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായ ബൊന്ധു ഗോപാല്‍ പാലും എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ബ്യൂട്ടിയും എട്ട് വയസുകാരനായ മകനും കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു .


ജിയാഗഞ്ചിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത് . മൂന്ന് പേരുടെയും ശരീരത്തില്‍ മാരകമായ മുറിവുകളേറ്റിരുന്നു.സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും ബംഗാളിലെ മുന്‍നിര ബിജെപി നേതാക്കള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ആര്‍എസ്‌എസ് യോഗത്തില്‍ രണ്ട് മാസമായി പങ്കെടുക്കുന്നയാളായിരുന്നു ബൊന്ധുവെന്ന് ബിജെപി നേതാവ് സമ്ബിത് പത്ര ഇന്നലെ പറഞ്ഞിരുന്നു .


എന്നാല്‍ രാഷ്ട്രീയ ബന്ധം സംബന്ധിച്ച്‌ തനിക്ക് യാതൊരു അറിവുമില്ലെന്ന് ഗോപാലിന്റെ സഹോദരി പ്രിയ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു . മുര്‍ഷിദാബാദ് പൊലീസ് സൂപ്രണ്ടും കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തള്ളുകയാണ് ചെയ്തത് . കൊലപാതകത്തിന് പിന്നില്‍ മൂന്ന് കാരണങ്ങളാണ് പോലീസ് സംശയിക്കുന്നത് .

ബ്യൂട്ടി എഴുതിയതെന്ന് സംശയിക്കുന്ന ഒരു കത്ത് അന്വേഷണ സംഘം വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു . അതില്‍ ഭര്‍ത്താവായ ബൊന്ധുവിന് അവിഹിത ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ബൊന്ധുവും അര്‍ദ്ധസഹോദരങ്ങളും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ്. ഒന്നര മാസമായി കാണാനില്ലാത്ത ബൊന്ധുവിന്റെ ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയാണ് മൂന്നാമത്തെ സംശയം. ഇയാള്‍ ബൊന്ധുവിന്റെ പക്കല്‍ നിന്നും ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു .

ബൊന്ധുവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ പഴയ പോസ്റ്റുകളില്‍ വിശ്വാസം തകര്‍ന്നതിനെ കുറിച്ചും തന്നെ ചിലര്‍ പിന്തുടരുന്നതായും പറയുന്നുണ്ട്.കഴിഞ്ഞ ദിവസം രാവിലെ മൂവരുടെയും മൃതദേഹങ്ങള്‍ ആദ്യം കണ്ട പാല്‍ക്കാരന്റെ മൊഴിയില്‍, കൊലയാളിയെന്ന് സംശയിക്കുന്ന ഒരാളെ കണ്ടതായി പറയുന്നുണ്ട്. ഇതിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.



Sharing is Caring