കാര്‍ പാഞ്ഞുകയറി കുട്ടികള്‍ മരിച്ച സംഭവം; ബിജെപി നേതാവ് പോലീസില്‍ കീഴടങ്ങി..


പാട്ന: മുസാഫര്‍പൂരില്‍ ഒമ്ബത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മനോജ് ബൈത്ത കീഴടങ്ങി. വിദ്യാര്‍ത്ഥികളുടെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ ബുധനാഴ്ച രാവിലെയാണ് മനോജ് ബൈത്ത പോലീസില്‍ കീഴടങ്ങിയത്.


മനോജ് ബൈത്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച മുസാഫര്‍പൂര്‍ പോലീസ്, ഇയാളെ പാട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മനോജ് ബൈത്തയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കഴിഞ്ഞദിവസമാണ് മുസാഫര്‍പൂരില്‍ സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടമുണ്ടായത്. സംഭവത്തില്‍ ഒമ്ബത് കുട്ടികള്‍ മരിക്കുകയും 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാഹനമോടിച്ചിരുന്ന മനോജ് ബൈത്ത അപകടമുണ്ടായ ഉടന്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അതേസമയം, മനോജ് ബൈത്ത ബിജെപി നേതാവാണെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു.



Sharing is Caring