കശ്മീര്‍: ജമ്മു കശ്മീരിെല ആര്.എസ് പുര, അര്‍ണിയ മേഖലകളില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്.എസ് പുരയില്‍ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ(27) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരക്കായിരുന്നു ആക്രമണം.
വെടിവെപ്പില്‍ നാട്ടുകാരായ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫാറൂഖ് ദിന്, പ്യാര റാം, രാമന് കുമാര്‍ ഗുപ്ത, ഹര്ബാന്സ് ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിലും തലയിലും ഗുരുതുര പരിക്കേറ്റ രാമന് കുമാര്‍ ഗുപ്തയുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റിരുന്നു. പ്രകോപനമൊന്നുമില്ലാതെ ശക്തമായ വെടിവെപ്പും മോട്ടാര്‍ ആക്രമണവും നടന്നുവെന്ന് ബി.എസ്.എഫ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
അര്‍ണിയയിലെ അതിര്‍ത്തി പ്രദേശത്തെ ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സൈന്യം ആവശ്യപ്പെട്ടു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.













