കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി


ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നതിനിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) എം.എല്‍.എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലെത്തിച്ചു. എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. വ്യോമമാ‌ര്‍ഗം പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ബസുകളിലായി റോഡ് മാര്‍ഗം എം.എല്‍.എമാരെ കൊണ്ടുപോയത്. എം.എല്‍എമാരെ ഹൈദരാബാദിലേക്കാണ് കൊണ്ടു പോകുന്നതെന്ന് ബസിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം ദയവ് കാട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.


താമസിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്ന് എം.എല്‍.എമാരെ വഹിച്ചു കൊണ്ടു ബസുകള്‍ രാത്രി തന്നെ പുറപ്പെട്ടിരുന്നു. പുതുച്ചേരിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ജനതാദള്‍ (എസ്) സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്‌.‌ഡി.കുമാരസ്വാമി നേരത്ത പറഞ്ഞിരുന്നത്. എന്നാല്‍,​ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ എത്തിക്കുന്നത് അപകടമാണെന്ന് കണ്ടാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.


അതേസമയം,​ ആഭ്യന്തര ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡി.ജി.സി.എയുടെ അനുമതി വേണ്ടെന്നും എം.എല്‍.എമാരുടെ യാത്ര വിലക്കിയിട്ടില്ലെന്നും വ്യോമയാന വകുപ്പ് മന്ത്രി ജയന്ത് സിന്‍ഹ പ്രതികരിച്ചു.

കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജനതാദള്‍ ജനതാദള്‍ (എസ്) എം.എല്‍.എമാര്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെത്തിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ വിമാനമാര്‍ഗം എത്താനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തടയിട്ടതോടെയാണ് യാത്ര മാറ്റിയത്. എം.എല്‍.എമാരെ റോഡ് മാര്‍ഗ് കേരളത്തില്‍ എത്തിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൂടുതല്‍ പൊലീസിനെയും സര്‍ക്കാര്‍ വിന്യസിച്ചിരുന്നു. എന്നാല്‍ എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തിയത് സ്ഥിരീകരിച്ചതോടെ ഈ സുരക്ഷ പിന്‍വവലിച്ചു.



Sharing is Caring