കശ്മീരില്‍ സംഘര്‍ഷത്തിനിടെയുണ്ടായ സൈനിക വെടിവയ്പ്പില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. മൊബൈല്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടി.വികള്‍ക്കു പിന്നാലെ ദിനപത്രങ്ങള്‍ക്കും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.
ഇന്നു മുതല്‍ പത്രങ്ങള്‍ വില്ക്കാന് പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിക്കാം. വിവിധ പത്ര ഓഫിസുകളില്‍ പൊലിസ് റെയ്ഡ് നടത്തി അച്ചടി നിര്‍ത്തിക്കുകയും പ്രിന്റ് പേപ്പര്‍ പിടിച്ചെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കശ്മീരില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ഗ്രേറ്റര്‍ കശ്മീരിന്റെ അരലക്ഷം കോപ്പികള്‍ പൊലിസ് പിടിച്ചെടുത്തു. കശ്മീരില്‍ പ്രസ് അടിയന്തരാവസ്ഥയെന്ന് റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരി പ്രതികരിച്ചു. നിരോധനം എപ്പോള്‍ നീക്കുമെന്നതിനെപ്പറ്റി അറിയില്ലെന്നും ബുഖാരി പറഞ്ഞു.
സമാധാനം കാത്തുസൂക്ഷിക്കാനാണ് പത്ര നിരോധനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കശ്മീരിന്റെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി, മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. കിംവദന്തി പരക്കുന്നുവെന്നു കാട്ടിയാണ് സര്‍ക്കാര്‍ ഇതിനു നിരോധനമേര്‍പ്പെടുത്തിയത്.













