കര്‍ണാടക പ്രതിസന്ധി: ആറ് മണിക്കകം തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് സുപ്രീം കോടതി


ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് വിമത എം എല്‍ എമാരോടും വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് സ്പീക്കര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകാനും രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ രാജിക്കത്ത് കൈമാറാനും കോടതി നിര്‍ദേശിച്ചു.


രാജി വിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കര്‍ണാടക ഡി ജി പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.


രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് വിമത എം എല്‍ എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജി സ്വീകരിക്കാതെ സ്പീക്കര്‍ വൈകിപ്പിക്കുന്നുവെന്നും തങ്ങള്‍ കൂറുമാറിയിട്ടില്ലെന്നും വിമത എം എല്‍ എമാരുടെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. മുകുള്‍ റോത്തഗിയാണ് വിമത എം എല്‍ എമാര്‍ക്കു വേണ്ടി ഹാജരായത്.



Sharing is Caring