ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രം ; ഇലക്‌ട്രിക് ഓട്ടോറിക്ഷ ഉടന്‍ തന്നെ കേരളത്തില്‍ ഓടും


തിരുവനന്തപുരം:ഇന്ധനവിലയെ ഇനി പേടിക്കേണ്ടകാര്യമില്ല . ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവു വരുന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷ ഉടന്‍ തന്നെ കേരളത്തില്‍ ഓടിത്തുടങ്ങും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന കേരള നീംജി എന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു . കേരളം വൈദ്യുതി വാഹനങ്ങളുടെ നാടായി മാറാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇലക്‌ട്രിക് ഓട്ടോയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടിയിരിക്കുന്നത് . തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബാല്‍സ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകല്‍പ്പന ചെയ്‍തത്. 5000 കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയ വാഹനം ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്വന്തമാക്കി .


കാഴ്‍ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോറിക്ഷകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കേരള നീംജി . പിറകിലത്തെ സീറ്റില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാകും. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഈ ഓട്ടോറിക്ഷയുടെ ഹൃദയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.



Sharing is Caring