കരിപ്പൂരില്‍ നാളെ മുതല്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും


വലിയ വിമാനങ്ങളും ഹജ്ജ് സര്‍വിസും പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ 18 മാസമായി അടച്ചിട്ട കരിപ്പൂര്‍ റണ്‍വേ നാളെ മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി മാറുമെങ്കിലും റണ്‍വേയുടെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ 52 സര്‍വിസുകളും ഹജ്ജ് സര്‍വിസും പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
റണ്‍വേ പൂര്‍ണമായും തുറക്കുന്നതോടെ ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ പകലിലേക്ക് ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


2015 മെയ് മുതലാണ് കരിപ്പൂരില്‍ റണ്‍വേ റീകാര്‍പറ്റിങ്ങിനായി പകല്‍ 12 മുതല്‍ രാത്രി എട്ടു വരെ വിമാന ലാന്‍ഡിങ് ഒഴിവാക്കി അടച്ചിട്ട് പ്രവൃത്തികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ എന്നീ വിമാനങ്ങളുടെ 52 സര്‍വിസുകളും വര്‍ഷത്തിലൊരിക്കലുള്ള ഹജ്ജ് സര്‍വിസും നിര്‍ത്തലാക്കിയിരുന്നു. റണ്‍വേ പ്രവൃത്തികള്‍ അവസാനിക്കുന്നതോടെ പിന്‍വലിച്ച വിമാനങ്ങള്‍ തിരിച്ചെത്തിക്കുമെന്ന് അന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ടാറിങ്, ലെവലിങ്, ലൈറ്റിങ് പ്രവൃത്തികളടക്കം പൂര്‍ത്തീകരിച്ചാണ് നാളെ മുതല്‍ റണ്‍വേ തുറക്കുന്നത്. സിംഗിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റ് അപ്രോച്ച് എന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് കരിപ്പൂര്‍ റണ്‍വേയില്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ, കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറിയിരുന്നു.


തുടര്‍ന്നാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. നാലു ലൈറ്റുകളാണ് ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത്.
കരിപ്പൂരിലെ റണ്‍വേയിലെ വിമാനങ്ങളിറങ്ങുന്ന ഭാഗത്ത് എട്ടു ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 925 മീറ്റര്‍ പിന്നിടുന്ന സ്ഥലത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പുതിയ ലൈറ്റുകള്‍ വരുന്നതോടെ റണ്‍വേ എത്ര ദൂരം പിന്നിട്ടുവെന്ന് മനസിലാക്കാന്‍ പൈലറ്റിന് സാധിക്കും.



Sharing is Caring