ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികപീഡനം; അയല്‍വാസിയായ പ്രതി പിടിയില്‍


തിരുവനന്തപുരം: ലോക്ക്ഡൗണായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍. മണമ്ബൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന്‍ എന്ന ഉദയകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.


ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ടയില്‍ പലയിടങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം കല്ലമ്ബലം പോലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ്. ഐ, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിജാം.വി, രാധാകൃഷ്ണന്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Sharing is Caring