ടയോട്ടയില്‍ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്; കര്‍ണാടക പ്ലാന്റ് അടച്ചു


ബംഗളുരു: ടയോട്ടയുടെ ബിദദി പ്ലാന്റില്‍ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്ലാന്റ് അടച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് മെയ് 26 മുതലാണ് ടയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. നിയന്ത്രിത എണ്ണം ജീവനക്കാരുമായാണ് പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. അതേസമയം ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത യൂണിറ്റുകളിലെ ഓഫീസ് ജീവനക്കാര്‍ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.


സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ച്‌ തുറന്നിട്ടും രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂണ്‍ 16നാണ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ജീവനക്കാരും യഥാക്രമം ജൂണ്‍ 7, 16 തീയതികളിലാണ് അവസാനമായി ജോലിക്ക് ഹാജരായത്. ഇവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടില്‍ വന്നിട്ടുള്ള എല്ലാവരെയും തിരിച്ചറിയാനുള്ള ശ്രമം കമ്ബനി തുടങ്ങിക്കഴിഞ്ഞു. സമ്ബര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ തിരിച്ചറിയുന്ന മുറയ്ക്ക് ഇവരെ ക്വാറന്റീനില്‍ അയയ്ക്കാനുള്ള സൗകര്യവും കമ്ബനി ചെയ്യും.


ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഇനി അണുനശീകരണം നടത്തിയ ശേഷമേ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്ന് ടയോട്ട അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെയും മാരുതിയുടെയും ചെന്നൈ, മനേസര്‍ പ്ലാന്റുകളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



Sharing is Caring