ഒളിമ്പിക്‌സ് യോഗ്യതയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ണ്ണായക യോഗം ദില്ലിയില്‍ ചേരും. ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് യോഗം ചേരുന്നത്. 74 കിലോഗ്രാം വിഭാഗത്തില്‍ യോഗ്യത നേടിയ നര്‍സിംഗ് യാദവും താനുമായി ട്രയല്‍സ് നടത്തി വിജയിയെ ഒളിംപിക്‌സിന് അയക്കണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം.
എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുഷീലും ഫെഡറേഷനും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.സുശീല്‍ കുമാര്‍ രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് കരുതി നര്‍സിംഗ് യാദവിന്റെ സംഭാവനകളെ കുറച്ചുകാണാനാകില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിലൂടെയാണ് രാജ്യത്തിന് ഒളിമ്പിക്‌സ് ക്വാട്ട ലഭിച്ചിരിക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. ഗുസ്തി താരങ്ങള്‍ കോടതിയില്‍ സമയം ചിലവഴിക്കുകയല്ല പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും താന്‍ ഇക്കാര്യത്തില്‍ അവസാന ശ്രമമെന്ന നിലയിലെ ഇടപെടൂ എന്നും അദ്ദേഹം പറഞ്ഞു.














