കാവ്യലോകത്തോട് വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. ഇന്നലെ രാവിലെ 11 മണിയോടെ കവിയുടെ വഴുതയ്ക്കാട്ടെ വസതിയില്‍ നിന്ന് മൃതദേഹം വിജെടി ഹാളിലെത്തിച്ചു. വൈകിട്ട് മൂന്നുമണിവരെ അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ അവിടേക്ക് ഒഴുകിക്കൊണ്ടിരുന്നതിനാല്‍ പൊതുദര്‍ശനം വൈകിട്ട് ആറുമണിവരെ നീട്ടി. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എന്‍. ശക്തന് ഒഎന്‍വിയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖരെല്ലാവരും ഒന്നൊന്നായി എത്തിക്കൊണ്ടിരുന്നു.
വന്‍ജനാവലിയാണ് വിജെടി ഹാളില്‍ രാവിലെ മുതല്‍ കവിയെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നത്. ജന്മഭൂമിക്കു വേണ്ടി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, സ്പെഷ്യല്‍ കറസ്പോണ്ടന്റ് പി. ശ്രീകുമാര്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള എന്നിവരും കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഡോ. കായംകുളം യൂനുസും ആദരാഞ്ജലി അര്‍പ്പിച്ചു. വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്ന ഒഎന്‍വിയുടെ മകന്റെ മകള്‍ അപര്‍ണ രാജീവ് ഇന്നലെ രാവിലെയോടെ തിരുവനന്തപുരത്തെത്തി. കവിയുടെ മറ്റ് കുടുംബാംഗങ്ങളോടൊപ്പം അപര്‍ണയും മൃതദേഹത്തെ അനുഗമിച്ച് വിജെടി ഹാളിലെത്തിയിരുന്നു.













