എരുമമുണ്ട ചെട്ടിയാംപാറ ഉരുള്‍പൊട്ടലില്‍ കാണാതായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറ പറന്പാടന്‍ സുബ്രഹ്മണ്യ(32)ന്റെ മൃതദേഹം കണ്ടെടുത്തു. രാവിലെ ഒന്‍പതോടെയാണ് കോയന്പത്തൂരില്‍ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ നടന്ന വീടിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു.സുബ്രഹ്മണ്യന്റെ മാതാവ് പറന്പാടന്‍ കുഞ്ഞി (50), ഭാര്യ ഗീത (29), മക്കളായ നവനീത് (ഒന്‍പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകന് മിഥുന് (16) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെത്തിരുന്നത്. കാണാതായ സുബ്രഹ്മണ്യന് വേണ്ടി വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്.
ഇന്നു രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. സുബ്രഹ്മണ്യന്റെ മൃതദേഹം സൈനിക വാഹനത്തില്‍ നിലന്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.