എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ എട്ടിന് തുടങ്ങും


എസ്.എസ്.എല്‍.സി പരീക്ഷ 2017 മാര്‍ച്ച്‌ എട്ട് മുതല്‍ 23 വരെ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളുടെ തലേദിവസം അവധിവരുന്ന തരത്തിലാവും ടൈംടേബ്ള്‍ ക്രമീകരിക്കുക. മുഴുവന്‍ പരീക്ഷകളും രാവിലെയാക്കുന്നത് പരിശോധിക്കും. നവംബര്‍ അഞ്ചിന് തന്നെ അധ്യാപക ക്ളസ്റ്റര്‍ പരിശീലനം നടത്തും. ആറാം പ്രവൃത്തിദിനം ക്ളസ്റ്റര്‍ നടത്തുന്നതില്‍ ആറ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വിയോജിപ്പ് അറിയിച്ചു. അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈംടേബ്ള്‍ അംഗീകരിച്ചു. ക്ളസ്റ്റര്‍തല മോണിറ്ററിങ്ങിന്‍െറ മുന്നോടിയായി അധ്യാപക സംഘടനകള്‍ക്കായി എസ്.സി.ഇ.ആര്‍.ടി പ്രത്യേക ശില്‍പശാല നടത്തും.കലാകായിക പ്രവൃത്തി പരിചയ പരീക്ഷ സ്കൂള്‍ തലത്തില്‍ ഹെഡ്മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ ചോദ്യങ്ങള്‍ തയാറാക്കി നടത്തും.
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ കണ്ണൂരില്‍ നടത്തും. വിദ്യാഭ്യാസമന്ത്രിയുമായി കൂടിയാലോചിച്ച്‌ തീയതി തീരുമാനിക്കും. ശാസ്ത്രമേള നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ഷെര്‍ണൂരിലാണ്. ഷൊര്‍ണൂരിലെ അസൗകര്യം അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് ഡി.പി.ഐ അറിയിച്ചു.




Sharing is Caring