എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അദാനിക്ക് നല്‍കിയ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.കരാര്‍ റദ്ദാക്കിയാല്‍ പദ്ധതി വൈകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് അപ്പോള്‍ ആലോചിക്കുമെന്നും പിണറായി പറഞ്ഞു.
പദ്ധതി കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് അദാനിയെ ഒഴിവാക്കിയാല്‍ അത് വലിയ നിയമ പോരാട്ടത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തതെന്നും പിണറായി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്ന രീതിയില്‍ ഭരണ സംവിധാനത്തെ നിലയ്ക്കു നിറുത്തേണ്ടതു സര്‍ക്കാരിനെ നയിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നഷ്ടപരിഹാരം, പുനരധിവാസം പോലെയുളള കാര്യങ്ങളില്‍ കാലതാമസം വരുത്തി പദ്ധതിയുടെ ഗുണം നഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും പിണറായി പറഞ്ഞു. എല്‍എന്‍ജി ടെര്‍മിനലും സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇഴഞ്ഞു നീങ്ങുന്നതെന്നും, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍പ്പുളളവരെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.












