മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളും പാര്ട്ടിക്കകത്തുണ്ടായിരിക്കുന്ന ഭിന്നതകളെയും തുടര്‍ന്ന് എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന. ഈ മാസം ഇരുപതാം തിയതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം പിളര്‍പ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് എസില്‍ നിന്നും എന്‍സിപിയില്‍ എത്തിയവരുടെ നേതൃത്വത്തിലാണ് പിളര്പ്പിനായുളള ആലോചനകള്‍ നടക്കുന്നത്.
മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഇത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായിട്ടാണ് അറിയുന്നത്. കോണ്‍ഗ്രസ് എസിലേക്ക് തിരിച്ചുപോകുന്നത് വഴി ഇടതുമുന്നണിയില്‍ തന്നെ തുടരാമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.

ഇരുപതാം തിയതി നടക്കുന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ ശശീന്ദ്രന് അടക്കമുളളവര്‍ ഉയര്‍ത്തുന്ന പരാതികള്‍ പരിഹരിക്കപ്പെടാനുളള സാധ്യതകള്‍ തെളിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. പരാതികളും ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നഗരസഭ പരിശോധന നടത്തി. നഗരസഭ ചെയര്മാന് നിര്‍ദേശിച്ച പ്രകാരമാണ് നടപടി. നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.













