എകെജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ?


സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടിനും, സീതാറാം യെച്ചൂരിക്കും ദല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊച്ചിയില്‍ സൈന്യത്തിനെതിരെയുള്ള സിപിഎം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അറവ് മാട് വില്‍പ്പന നിയന്ത്രണവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്ത് അയച്ചിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. ബീഫ് വിഷയത്തില്‍ കേരളത്തില്‍ നടത്തുന്ന പോലെ ഭ്രാന്തവും, ഭീകരവുമായ പ്രദര്‍ശനം മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറില്ല.


കേരളത്തില്‍ ഇതൊക്കെ നടക്കും. പ്രതിപക്ഷ നേതാവിനെ കെട്ടിപ്പിടിച്ച് ഭരണം നടത്തുന്ന കാഴ്ചയാണ് ഇവിടെ. ഗോവധ നിരോധന നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മാര്‍ക്‌സ് ജന്തുസംരക്ഷണത്തെപ്പറ്റിയും, മഹാത്മാഗാന്ധി അഹിംസയെയും, കാലി സംരക്ഷണത്തെയും പറ്റി എഴുതിയിട്ടുള്ളത് വായിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തയ്യാറാകണം.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സൈന്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരും, സിപിഎമ്മും തയ്യാറാകണം.



Sharing is Caring