അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാനുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരങ്ങള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര് എത്തിയിരുന്നു. കൂട്ടത്തില്‍ നടി പാര്‍വതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇര്ഫാന് ഖാനൊപ്പം ബോളിവുഡില്‍ ഖരീബ് ഖരീബ് സിഗ്ലേ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച താരമാണ് പാര്‍വതി. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഖരീബ് ഖരീബ് സിംഗ്ലേ. ഇര്ഫാനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജികള്‍ നേര്‍ന്ന് പാര്‍വതി എത്തിയത്. നിങ്ങളുടെ കഴിവ് കൊണ്ട് തുടക്കം മുതലേ മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തില്‍ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉള്‍പ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഒൗദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്, എന്നും ഓര്‍മ്മിക്കുന്നു ഇര്ഫാന്. എന്നാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 2017ലാണ് ഇര്ഫാന് ഖാനും പാര്‍വതിയും ഒന്നിച്ച ഖരീബ് ഖരീബ് സിഗ്ലേ പുറത്തിറങ്ങിയത്.
തനൂജ് ചന്ദ്രയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുളള ജയ ശശിധരന് എന്ന കഥാപാത്രമായി പാര്‍വതി എത്തിയപ്പോള്‍ യോഗി എന്ന കവിയുടെ വേഷത്തിലാണ് ഇര്ഫാന് എത്തിയത്. മലയാള താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഇര്ഫാന് ഖാന് വേഷമിട്ടിരുന്നു.














