ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്, പിന്നാലെ ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി ട്രംപ്


ഇസ്‌ലാമാബാദിലെ സമാധാന ചർച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന വിവരം പുറത്ത് വന്നതോടെ ചൈനയ്ക്കും ഇറാനുമെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ നല്‍കാൻ ശ്രമിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. രണ്ടാഴ്‌ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ നിലനില്‍ക്കെ, ചൈന ഇറാനിലേക്ക് ആയുധങ്ങള്‍ അയക്കാൻ തയ്യാറെടുക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന ഇൻ്റലിജൻസ് റിപ്പോർട്ട്.


ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചൈന അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, അതുണ്ടായാല്‍ അവർ 50% താരിഫ് നേരിടേണ്ടി വരും. അതൊരു വൻ തുകയായിരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ കടുത്ത പരാമർശം. ഇറാനിലേക്ക് ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയക്കാൻ ഒരുങ്ങുന്നുവെന്ന് സിഎൻഎനാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച്‌ ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ നിലനില്‍ക്കെയാണ് ആയുധ കൈമാറ്റ വാർത്തകള്‍ പുറത്തുവരുന്നത്.


ചൈനയ്ക്കെതിരെ ഭീഷണി മുഴക്കുന്നതിനിടയിലും, ചൈനയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ നിന്നുള്ള എണ്ണയ്ക്ക് പുറമെ വെനസ്വേലയില്‍ നിന്നുള്ള എണ്ണയും നല്‍കാമെന്നാണ് വാഗ്ദാനം. ഈ വർഷം ആദ്യം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്ന് നിലവില്‍ വെനസ്വേലയുടെ ഭരണം അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ഇസ്‌ലാമാബാദില്‍ നടന്ന സമാധാന ചർച്ചകള്‍ പരാജയപ്പെട്ടത് മേഖലയില്‍ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്. അതിനിടയിലാണ് ചൈന ഇറാന് ആയുധം നല്‍കുമെന്ന വിവരവും പുറത്ത് വരുന്നത്.



Sharing is Caring