തിരുവനന്തപുരം: ( 07.02.2018) ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനു നികുതി ഇനത്തില്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ 640 കോടിരൂപയാണ് ലഭിച്ചത് . കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 18 കോടിരൂപയാണ് അധിക വരുമാനമായി ലഭിച്ചത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനുശേഷം ലഭിക്കുന്ന ഉയര്‍ന്ന തുകയാണിതെന്നു ജിഎസ്ടി സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ധനവില ദിവസേന കൂടുന്നതിനാല്‍ ഫെബ്രുവരി മാസത്തില്‍ വരുമാനം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ 37 തവണയാണ് ഇന്ധന വിലയില്‍ വ്യത്യാസമുണ്ടായിട്ടുള്ളത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിനു 57.34 കോടിരൂപയാണ് അധികവരുമാനമായി ലഭിച്ചിരിക്കുന്നത് .
എക്സൈസ് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുഖ്യപങ്കു വഹിക്കുന്നത് ഇന്ധന നികുതിയാണ്. ഇക്കാരണത്താല്‍, പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനവഴി സര്‍ക്കാരിനു ലഭിക്കുന്ന നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിലവര്‍ധന സാധാരണക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നുവെങ്കിലും സംസ്ഥാനത്തിന്റെ വരുമാനത്തിനു ഗുണകരമാണെന്നാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന നികുതി വരുമാനം ഇങ്ങനെ:
2017 മേയ് 631 കോടി
ജൂണ്‍ 669 കോടി
ജൂലൈ 537 കോടി
ഓഗസ്റ്റ് 648 കോടി
സെപ്റ്റംബര്‍ 623 കോടി
ഒക്ടോബര്‍ 601 കോടി
നവംബര്‍ 569 കോടി
ഡിസംബര്‍ 622 കോടി
2018 ജനുവരി 640 കോടി













