ഇന്ത്യന്‍ ടീം കൂടുതല്‍ ടെസ്റ്റ് കളിക്കണം: മിതാലി രാജ്


ലോക നിലവാരത്തിലുളള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്ന് ലോക കപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.


ലോകകപ്പ് ഫൈനലിലെത്തിയ ടീമിനെ ആദരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മിതാലി.
ഏകദിനവും ട്വന്റി 20 യുമാണ് നിലവില്‍ വനിതാ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നത്.എന്നാല്‍ യഥാര്‍ഥ വെല്ലുവിളി ടെസ്റ്റ് ക്രിക്കറ്റിലാണ്. കൂടുതല്‍ ടെസ്റ്റ് കളിക്കുന്നത് ഒന്നാംന്തരം കളിക്കാരെ സൃഷ്ടിക്കുന്നതിന് സഹായിക്കും.


ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുളള ആഷ്‌സ് പരമ്പരയാണ് സ്ഥിരമായി നടക്കുന്ന വനിതാ ടെസ്റ്റ് പരമ്പര. മറ്റു വനിതാ ടീമുകളൊക്കെ കുട്ടി ക്രിക്കറ്റാണ് കളിക്കുന്നതെന്ന് മിതാലി പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ ഞാന്‍ പത്ത് ടെസ്റ്റുകളാണ് കളിച്ചത്. തുടരെ തുടരെ ഏകദിന മത്സരങ്ങള്‍ പോലെ ടെസ്റ്റ് മത്സരങ്ങളും കളിക്കണം. ഇന്ത്യ മാത്രമല്ല മറ്റു ടീമുകളും കൂടുതല്‍ ടെസ്റ്റ് കളിക്കാന്‍ തയ്യാറാകണമെന്നും മിതാലി ആവശ്യപ്പെട്ടു.

ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ ബിസിസിഐ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്തു. ലോര്‍ഡ്‌സില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഇന്ത്യ ഒമ്പതു റണ്‍സിനാണ് ഇംഗ്ലണ്ടിനോട് തോറ്റത്.

ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വനിതാ ടീം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിന്റെ തിരക്കിലാണ്.



Sharing is Caring