ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് : ഇന്ത്യക്ക്‌ 109 റണ്‍സ്‌ ജയം


നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ തോല്‍വിക്ക്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ മറുപടി. ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്‌ത്തി ഇന്ത്യ 108 റണ്‍സിന്റെ ജയം ആഘോഷിച്ചു. സ്‌പിന്നര്‍മാരെ കൈവിട്ടു സഹായിച്ച പിച്ചില്‍ ടെസ്‌റ്റില്‍ ആകമാനം 19 വിക്കറ്റുകള്‍ പങ്കിട്ട അശ്വിന്‍-ജഡേജ-മിശ്ര സ്‌പിന്‍ത്രയമാണ്‌ ഇന്ത്യക്ക്‌ വിജയമൊരുക്കിയത്‌. മൂന്നാം ദിനമായ ഇന്നലെ ഇന്ത്യ നല്‍കിയ 218 റണ്‍സ്‌ എന്ന വിജയലക്ഷ്യം തേടിയിറങ്ങി ദക്ഷിണാഫ്രിക്കയ്‌ക്ക് 109 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. വെറും 21 റണ്‍സ്‌ വഴങ്ങി അഞ്ചുവിക്കറ്റുകള്‍ വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ്‌ രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്‌. അശ്വിന്‍ മൂന്നു വിക്കറ്റു വീഴ്‌ത്തിയപ്പോള്‍ അമിത്‌ മിശ്ര, വരുണ്‍ ആരോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ സ്വന്തമാക്കി. രണ്ടിന്നിങ്‌സിലുമായി എട്ടു വിക്കറ്റ്‌ വീഴ്‌ത്തുകയും ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സ്‌ നേടുകയും ചെയ്‌ത രവീന്ദ്ര ജഡേജയാണ്‌ കളിയിലെ കേമന്‍. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന്‌ മുന്നിലെത്തി. 14 മുതല്‍ ബംഗളുരുവിലാണ്‌ രണ്ടാം ടെസ്‌റ്റ്.




Sharing is Caring