ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ഥാടനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ ജനങ്ങള്‍ ഒന്നാകെ മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
അംഗീകാരം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് അപ്പീല്‍ കൊടുക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.
റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്മാന് ജോണി കുളമ്പിള്ളി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസതി അഴകത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നിഷേധാത്മക നിലപാടുകളുമായി സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുവാന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു.
പൊതു ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ഹര്‍ത്താലുമായി ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ഘടകക്ഷി ജില്ലാ പ്രസിഡന്റുമാരായ റോയി കെ പൗലോസ്, പ്രൊഫ. എം ജെ ജേക്കബ്, കെ.എം ഐ ഷുക്കൂര്‍, ജി ബേബി, കോയ അമ്പാട്ട്, മാര്ട്ടിന് മാണി, സുരേഷ് ബാബു എന്നിവര്‍ അഭ്യര്‍ഥിച്ചു.













