അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരണമുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി തെറ്റില്ലെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ഏകാധിപത്യം ഇല്ലാതാക്കാനാണ് എല്ലാവരെയും കൂടെ കൂട്ടിയത്. രാഷ്ട്രീയ സഖ്യമല്ലെന്നും അദ്ദേഹം റിപ്പോർട്ടറിൻ്റെ കോഫി വിത്ത് അരുണിൽ പറഞ്ഞു. ബിജെപിയോട് യോജിച്ച് സമരം ചെയ്തിട്ടില്ല. ജനസംഘവുമായി അന്ന് വേദികൾ പങ്കിട്ടിട്ടുണ്ടാകാം. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ കർമസമിതിയിൽ സിപിഐഎം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജയപ്രകാശ് നാരായണന്റെ തണലിൽ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തുണ്ടാക്കിയ അസ്തിത്വമാണ് ഇന്ന് മൂന്നുനാലു തവണ അവരെ അധികാരത്തിൽ എത്തിച്ചത് എന്നത് യാഥാർത്ഥ്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് കോൺഗ്രസ് തകർച്ചയ്ക്ക് കാരണം. കോൺഗ്രസിന്റെ ദൗർബല്യത്തിൽ നിന്നാണ് ബിജെപി ഉയർന്നുവന്നത്. അടിയന്തരാവസ്ഥ പ്രഖ്യപിച്ചില്ലെങ്കിൽ ബിജെപി അധികാരത്തിൽ വരുമായിരുന്നില്ല. അത് കോൺഗ്രസ് അംഗീകരിക്കുകയോ ക്ഷമാപണം നടത്തുകയോ ഇതുവരെ ചെയ്തിട്ടില്ല. അതാണ് കോൺഗ്രസിന്റെ തകരാറെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാമെന്നും ജി സുധാകരൻ പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരുടെ അറിവ് കുറവോ, മനോഭാവമോ അല്ലെങ്കിൽ ഇത്രയും മതി എന്ന ചിന്താഗതിയോ ആകാം ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു പരിപാടി നടക്കുമ്പോൾ നേരിട്ടിടപെട്ടവരെ വിളിക്കുന്നത് പതിവാണെന്നും ഇതൊന്നും ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.













