ആവേശം അണപൊട്ടിയില്ല; ഐ.എസ്.എല്‍ രണ്ടാം മത്സരവും ഗോള്‍രഹിത സമനിലയില്‍


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ രണ്ടാം മത്സരത്തിലും ഗോളടിക്കാന്‍ മറന്ന് താരങ്ങള്‍. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും സമനിലയില്‍ പിരിഞ്ഞിരുന്നു.


നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂര്‍ എഫ്.സിയും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരം ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും കിട്ടിയെങ്കിലും നിര്‍ഭാഗ്യത്താല്‍ അവ ലക്ഷ്യത്തിലെത്തിയില്ല.


മത്സരത്തില്‍ ആക്രമണത്തിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പടി മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിട്ടുനിന്നു. അവസാന മിനുറ്റുകളില്‍ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 4-4-1-1 ഫോര്‍മാറ്റില്‍ ഇറങ്ങിയപ്പോള്‍ ജംഷഡ്പൂര്‍ എഫ്‌സി 4-3-3 ഫോര്‍മാറ്റിലാണ് ഇറങ്ങിയത്. ഒരു പക്ഷേ കളിയില്‍ ജംഷഡ്പൂര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനോടാണ്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ തട്ടിയകറ്റുകയാണ് ചെയ്തിട്ടുള്ളത്. ബോള്‍ പൊസിഷനിലും പാസിങ്ങിലും നോര്‍ത്ത് ഈസ്റ്റ് മുന്നിട്ടുനിന്ന മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും പിറന്നു. 78ാം മിനുറ്റില്‍ ജംഷഡ്പൂരിന്റെ ആന്‍ഡ്രെ ബൈക്കിയാണ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയത്.



Sharing is Caring