34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോര്‍ഡ്‌സിലെ വിഖ്യാതമായ പവലിയനില്‍ കപില്‍ ദേവിന്റെ ചെകുത്താന്‍ സംഘം എന്നറിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം അക്കാലത്തെ വമ്പന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ അതൊരു വലിയ മാറ്റമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ സൃഷ്ടിച്ചത്. പിന്നീടുള്ള ഇന്ത്യന്‍ മുന്നേറ്റത്തിന് ആ കിരീട വിജയം ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. അത്തരമൊരു ചരിത്ര നിമിഷത്തിന്റെ തൊട്ടരികിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. മിതാലി രാജ് എന്ന ബാറ്റിങിന്റെ കരുത്തും സ്ഥിരതയും സമ്മേളിച്ച അപൂര്‍വ പ്രതിഭയുടെ മുന്നില്‍ നിന്ന് നയിക്കാനുള്ള ഇച്ഛാശക്തിയുടെ ബലത്തില്‍ ഇന്ത്യന്‍ വനിതകള്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നു. ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ മറുപതിപ്പ് അരങ്ങേറുമോ എന്നാണ് ഇന്ത്യന്‍ കായിക ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയെ ഫൈനലില്‍ കാത്തിരിക്കുന്നതും മറ്റൊരു മുന്‍ ചാംപ്യന്‍മാര്‍ തന്നെയാണ്. പ്രഥമ ലോക ജേതാക്കളായ ഇംഗ്ലണ്ട് പിന്നീട് രണ്ട് തവണ കൂടി കിരീടം സ്വന്തമാക്കിയവരാണ്. മൂന്ന് തവണ അവര്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് ഫൈനലാണിത്. നേരത്തെ 2005ലാണ് ഇന്ത്യ ആദ്യമായി ഫൈനല്‍ കളിച്ചത്. അന്ന് ടീമിലുണ്ടായിരുന്ന മിതാലി ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഇന്ന് കിരീടം നേടിയാല്‍ ഇന്ത്യയുടെ കന്നി ലോക കിരീടമായും അത് മാറും.
വിജയിക്കാനുള്ള അടങ്ങാത്ത വീര്യം പുറത്തെടുക്കുന്ന പെണ്‍ കരുത്താണ് നിലവിലെ ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖമുദ്ര. ആദ്യ മത്സരം മുതല്‍ സെമി വരെയുള്ള പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ബാറ്റിങില്‍ ഓരോ മത്സരത്തിലും ഓരോ താരങ്ങളാണ് ഇന്ത്യയെ കരകയറ്റിയത്. സ്മൃതി മന്ധനയും പൂനം റൗത്തും മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും വേദ കൃഷ്ണമൂര്‍ത്തിയും തങ്ങളുടേതായ ദിനത്തില്‍ അത്ഭുതം പുറത്തെടുക്കാന്‍ പ്രാപ്തിയുള്ള പ്രതിഭകളാണ്.
ബാറ്റിങ് നിര അടിച്ചെടുക്കുന്ന സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് സാധിക്കുന്നതും പ്ലസ് പോയിന്റാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് തുണയാകും. അതേസമയം ആദ്യ മത്സരത്തില്‍ നേരിട്ട ഇംഗ്ലണ്ട് ടീമല്ല ഇപ്പോഴുള്ളത് എന്നത് അവരുടെ പ്രകടനം അടിവരയിടുന്നുണ്ട്.
ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയായിരുന്നു. മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ അവര്‍ സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരേ മിന്നും വിജയം നേടിയാണ് നാട്ടിലെ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്തത്. നാട്ടുകാരുടെ പിന്തുണയാണ് അവര്‍ക്ക് ഇന്നത്തെ പോരാട്ടത്തില്‍ തുണ നില്‍ക്കുന്ന പ്രധാന ഘടകം. 1983ല്‍ ലോര്‍ഡ്‌സില്‍ മുഴങ്ങിയ വസന്തത്തിന്റെ ആ നാദം ഇന്ന് വീണ്ടും കേള്‍ക്കുമോ എന്ന് കാത്തിരുന്നു കാണാം.













