ആലപ്പുഴയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍


15 വര്‍ഷത്തിലധികമായി ആലപ്പുഴയിലും പരിസരത്തും ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. യേശുദാസ‌് (42) ആണ‌് പിടിയിലായത‌്. ആലപ്പുഴ പട്ടണത്തില്‍ മൂന്നിടത്തും ചേര്‍ത്തലയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലുമുള്‍പ്പെടെ ഫിസിഷ്യന്‍ എന്ന വ്യാജേന ഇയാള്‍ പ്രാക്ടീസ‌് നടത്തിയിരുന്നതായി പൊലീസ‌ിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. മറ്റൊരു ഡോക്ടറുടെ പേരും രജിസ‌്ട്രേഷന്‍ നമ്ബരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ‌്. ഭാര്യയുള്‍പ്പെടെ കുടുംബാംഗങ്ങളും യേശുദാസ‌് ഡോക്ടറാണെന്നാണ‌് വിശ്വസിച്ചിരുന്നത‌്.


എസ‌്ഡി കോളേജിനു സമീപത്തെ ക്ലിനിക്കില്‍നിന്ന‌് പൊലീസ‌് പിടികൂടുമ്ബോള്‍ അമ്ബതിലധികം രോഗികള്‍ ഇയാളെ കാണാന്‍ കാത്തുനിന്നിരുന്നു. പ്രാഥമിക പരിശോധനയില്‍ പ്രീഡിഗ്രിയും ഫിസിയോ തെറാപ്പിയുമാണ‌് യോഗ്യതയെന്ന‌് വ്യക്തമായിട്ടുണ്ട‌്. പലതവണ എന്‍ട്രന്‍സ‌് എഴുതിയിട്ടും പ്രവേശനം ലഭിക്കാതെ വന്നതോടെ ഗുജറാത്തില്‍ പോയി ഫിസിയോ തെറാപ്പി പഠിച്ച ഇയാള്‍ മടങ്ങിയെത്തിയത‌് ‘ഡോക്ടറാ’യാണ‌്.


ഇതേപേരുള്ള മറ്റൊരു ഡോക്ടര്‍ ഗസറ്റില്‍ വിജ്ഞാപനം നല്‍കി പേരുമാറ്റിയ വിവരമറിഞ്ഞ യേശുദാസ‌് യഥാര്‍ഥ ഡോക്ടറുടെ രജിസ‌്ട്രേഷന്‍ നമ്ബറുള്‍പ്പെടെ സ്വന്തമാക്കിയാണ‌് തട്ടിപ്പു നടത്തിയത‌്. യഥാര്‍ഥ ഡോക്ടര്‍ വിവരമറിഞ്ഞതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന‌് ഒരാഴ‌്ചയായി നടത്തിയ നിരീക്ഷണങ്ങള്‍ക്കുശേഷം ചികിത്സ തേടിയെന്ന വ്യാജേന ഇയാളെ സമീപിച്ച പൊലീസ‌് സംഘം പ്രാക്ടീസിനിടെ കസ‌്റ്റഡിയിയിലെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ‌് മേധാവി കെ എം ടോമിക്കു ലഭിച്ച വിവരത്തെത്തുടര്‍ന്ന‌് ഡിവൈഎസ‌്പി പി വി ബേബി, സൗത്ത‌് സിഐ കെ എന്‍ രാജേഷ‌് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ‌് വ്യാജ ഡോക്ടറെ കുടുക്കിയത‌്. ഇയാളെ രാത്രി വൈകിയും ചോദ്യംചെയ്യുകയാണ‌്. ചൊവ്വാഴ‌്ച അറസ‌്റ്റ‌് രേഖപ്പെടുത്തുമെന്ന‌് പൊലീസ‌് പറഞ്ഞു.



Sharing is Caring