കൊച്ചി: ആലപ്പാട്ടെ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നല്‍കിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയില്‍ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന് റിപ്പോര്ട്ടിന്മേല് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു. ഖനനം നിര്‍ത്തി വെക്കാന്‍ ഐ.ആര്.ഇയോട് നിര്‍ദേശിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.












