ആരവം ഇന്ന് തീരും എല്‍ഡിഎഫിന് മേല്‍കൈ


കണ്ണൂര്‍ : ചുവരെഴുത്തുകള്‍ ജനം വായിച്ചു കഴിഞ്ഞു. ഇനി തീരുമാനങ്ങളുടെ അവസാന മണിക്കൂര്‍. ജനങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം ആര്‍ക്കാണെന്നറിയാന്‍ ഇനി നീണ്ട കാത്തിരിപ്പു വേണ്ട. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വിധിയെഴുത്ത്. പിന്നെ നാലുദിവസത്തെ കാത്തിരിപ്പ് അഞ്ചാംനാള്‍ വിധി പ്രസ്താവം. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. നാടും നഗരവും പ്രചാരണച്ചൂടില്‍ അമര്‍ന്നു. വാഹനങ്ങളില്‍ മൈക്ക് കെട്ടിയുള്ള ശബ്ദമുഖരിതമായ പ്രചാരണമാണ്. സ്ഥാനാര്‍ഥികളുടെ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി. എല്‍ഡിഎഫ് എല്ലാ വീടുകളിലും വോട്ടേഴ്സ് സ്ലിപ്പ് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണത്തിന്റെ കൊടിതാഴും. ഞായറാഴ്ച നിശ്ശബ്ദപ്രചാരണം. ജില്ലയില്‍ ആകെ 1683 സീറ്റാണുള്ളത്. 20 സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാല്‍ തെരഞ്ഞെടുപ്പില്ല. ധര്‍മടം പഞ്ചായത്ത് നാലാം വാര്‍ഡില്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി. ആകെ 1827304 വോട്ടര്‍മാരാണുളളത്. ഇതില്‍ 847331 പുരുഷന്മാരും 979969 സ്ത്രീകളും നാലുഭിന്നലിംഗക്കാരും ഉള്‍പ്പെടും. 71 പഞ്ചായത്തുകളിലെ 1165 വാര്‍ഡുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 149 ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിലേക്കും എട്ട് നഗരസഭകളിലെ 289 ഡിവിഷനിലേക്കും കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിഷിഷനികളിലുമാണ് തെരഞ്ഞെടുപ്പ്. ഇതിനായി 2434 പോളിങ്ങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 1994 ബൂത്ത് ത്രിതല പഞ്ചായത്തുകളിലും 297 നഗരസഭകളിലും 149 കണ്ണൂര്‍ കോര്‍പറേഷനിലുമാണ്. ആദ്യഘട്ടത്തില്‍ 20 സീറ്റിലെ എതിരില്ലാ വിജയക്കരുത്തില്‍ എല്‍ഡിഎഫ് ജില്ലയില്‍ ആവേശത്തോടെ മുന്നേറി. സീറ്റ് വിഭജനത്തര്‍ക്കവും വിമതശല്യവുംമൂലം വൈകി കളത്തിലിറങ്ങിയ യുഡിഎഫ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സജീവമായില്ല. ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കൊപ്പം രൂക്ഷമായ വിലക്കയറ്റവും കാര്‍ഷികോല്‍പ്പന്ന വിലയിടിവും അടക്കമുള്ള ജനകീയ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായി. റബറും നാളികേരവും ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയായിരുന്നു മുഖ്യപ്രചാരണ വിഷയം. പരിപ്പ് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ചര്‍ച്ചയായി. തദ്ദേശ സ്ഥാപനങ്ങളോട് യുഡിഎഫ് സ്വീകരിക്കുന്ന പ്രതികാര നടപടികളും പ്രചാരണത്തില്‍ ഉയര്‍ന്നുവന്നു. കണ്ണൂര്‍ വിമാനത്താവളം, കണ്ണൂര്‍ നഗരസഭയുടെ വികസന മുരടിപ്പ്, നിര്‍മാണ മേഖലയിലെ പ്രതിസന്ധി എന്നിവയും ചര്‍ച്ചചെയ്യപ്പെട്ടു. പശുവും ബീഫും സാംസ്കാരിക ഫാസിസവും ബാര്‍ കോഴയും ഉള്‍പ്പെടെ സകല നാട്ടു പ്രശ്നങ്ങളും പ്രചാരണ വേദിയില്‍ ഉയര്‍ന്നു. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മിക്ക ഗ്രാമ പഞ്ചായത്തുകളും സ്വന്തമാക്കിയ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം എല്‍ഡിഎഫ് നടത്തുമെന്നാണ് അവസാന റൗണ്ടിലെ മേല്‍ക്കൈ വ്യക്തമാക്കുന്നത്. യുഡിഎഫും ബിജെപിയും ഒരേ ചേരിയിലാണ് ജില്ലയില്‍. പലയിടത്തും ഇതു കാണാം. എല്‍ഡിഎഫിനായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പ്രചാരണത്തിനായി കണ്ണൂരിലെത്തി. എല്‍ഡിഎഫ് പൊതുയോഗങ്ങളിലെല്ലാം ജനസഞ്ചയം ഒഴുകിയെത്തിയപ്പോള്‍ എ കെ ആന്റണി വന്നിട്ടും കണ്ണൂര്‍ നഗരത്തില്‍പോലും ആരവമുണ്ടായില്ല.




Sharing is Caring