തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ആദ്യഘട്ടത്തിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടം.വാശിയേറിയ പ്രചരണ മാമാങ്കം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ കൊട്ടിക്കലാശം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.
മൂന്ന് ആഴ്ചയിലധികമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണ് കേരളം. ആകാംക്ഷയോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കലാശകൊട്ടോടെയാണ് ശബ്ദപ്രചാരണത്തിന്റെ സമാപനം. ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരങ്ങളും, റോഡ് ഷോയുമൊക്കെയായി പാര്‍ട്ടി പ്രവത്തകര്‍ കൊട്ടികലാശത്തിന്റെ ആവേശത്തിലേക്ക് കടക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പായതിനാല്‍ പല വേദികളിലായാണ് കലാശകൊട്ട്. ജില്ലാ ആസ്ഥാനങ്ങളും പ്രധാന കവലകളുമെല്ലാം കൊട്ടികലാശത്തിന് വേദിയാകും. കൊട്ടിക്കലാശത്തിലെ അവേശം അതിര് കടക്കാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണമാണ് കേരളത്തില്‍ ഇക്കുറി നടന്നത്. പ്രാദേശികവികസനമടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും കേന്ദ്രവിഷയം രാഷ്ട്രീയം തന്നെയായിരുന്നു. സര്‍ക്കാരിന്റെ അഴിമതി, ജനദ്രോഹനയങ്ങള്‍ , തദ്ദേശസ്വയംഭരണം തകര്‍ക്കല്‍ എന്നിവയ്ക്കൊപ്പം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയവല്‍ക്കരണ, ജനദ്രോഹനയങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു. പൊതുയോഗങ്ങള്‍, വോട്ടര്‍മാരെ വീട്ടില്‍ ചെന്ന് നേരിട്ട് കാണല്‍, ലഘുലേഖകളുടെ വിതരണം, മറ്റ് പ്രചാരണപരിപാടികള്‍ എന്നിവയ്ക്കുപുറമെ നവമാധ്യമങ്ങളും വലിയ പ്രചാരണവേദിയായി മാറി.ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മാത്രമാണ് അഭ്യര്‍ഥിക്കുന്നത്. യുഡിഎഫ് പ്രചാരണത്തിന്റെ മുനയൊടിക്കുംവിധമാണ് ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നത്. ഇത് യുഡിഎഫ് പ്രചാരണസംവിധാനത്തെ സ്തംഭിപ്പിച്ചു. മാണി രാജിവയ്ക്കണമെന്ന ശക്തമായ അഭിപ്രായമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലും യുഡിഎഫ് ഘടക കക്ഷികളിലുമുള്ളതിനാല്‍ പ്രചാരണരംഗത്ത് മാണിയെ പ്രതിരോധിക്കാന്‍ ആവേശം കാണുന്നില്ല. എ കെ ആന്റണിയും വി എം സുധീരനും രമേശ് ചെന്നിത്തലയും മാണിയെ പ്രതിരോധിക്കാനെത്തിയില്ല.എസ്.എന്‍.ഡി.പി-ബി.ജെ.പി സഘ്യത്തില്‍ തുടങ്ങിയ പ്രചരണം ഇപ്പോള്‍ മാണിക്കെതിരെയുള്ള കോടതി വിധിയില്‍ എത്തി നില്‍ക്കുന്നു. സംഘപരിവാറിന്റെ ബീഫ് രാഷ്‌ട്രീയവും മാണിയുടെ കോളയും മറ്റും പ്രചരണത്തിലെ പ്രധാന വിഷയങ്ങളാക്കിയിരിക്കുകയാണ് പ്രധാന പാര്‍ട്ടികള്‍.യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍, രമേശ് ചെന്നിത്തല, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ രംഗത്തുണ്ട്. ബാര്‍ കോഴ കേസിലെ കോടതി ഉത്തരവ് പുറത്തുവന്നതോടെ കെ എം മാണി പ്രചാരണരംഗത്തുനിന്ന് പിന്മാറി. ഏഴ് ജില്ലകളിലെ 395 ഗ്രാമപഞ്ചായത്തുകളിലെ 6794 വാര്‍ഡുകള്‍, 63 ബ്ലോക്ക് പഞ്ചായത്തുകളിലെ 866 ഡിവിഷനുകള്‍, 152 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 31 മുനിസിപ്പാലിറ്റികളിലെ 1123 വാര്‍ഡുകള്‍, നാല് കോര്‍പറേഷനുകളിലെ 285 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ അഞ്ചിന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ നവംബര്‍ മൂന്നിന് പ്രചാരണം സമാപിക്കും.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരടക്കം വലിയൊരു നിരയാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പൊതുയോഗങ്ങളിലേക്ക് ആവേശത്തോടെ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ എല്‍ഡിഎഫ് വിജയത്തിന്റെ സൂചനയാണ്.













