കാസര്‍കോട് : നഗരങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും പ്രകടമാണ്. ജില്ലയിലെ മൂന്ന് നഗരസഭയിലും വാശിയേറിയ മത്സരമാണ്. നിലവില്‍ കാസര്‍കോടും കാഞ്ഞങ്ങാടും യുഡിഎഫും നീലേശ്വരം എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ ഗ്രാമങ്ങളിലേതുപോലെ നഗരങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം പ്രകടമാണ്.നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ വീണ്ടും എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യുഡിഎഫിനുപോലും തര്‍ക്കമുണ്ടാകില്ല. ആകെയുള്ള 32 വാര്‍ഡില്‍ 21 എണ്ണം നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത്തവണ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണുന്നത്. എല്‍ഡിഎഫിനെ അധികാരത്തിലേറ്റണമെന്ന പൊതുവികാരത്തിലാണ് ജനങ്ങള്‍. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ കുറേ വര്‍ഷമായി നടമാടുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും മനംമടുത്ത ജനങ്ങള്‍ ഇക്കുറി ഇവരെ ഒഴിവാക്കണമെന്ന ചിന്തയിലാണ്. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറ്റം വളരെ പ്രകടമാണ്. കഴിഞ്ഞതവണ അഞ്ച് സീറ്റിനാണ് ഭരണം നഷ്ടപ്പെട്ടത്. 43 വാര്‍ഡുള്ളതില്‍ 17 എണ്ണത്തില്‍ എല്‍ഡിഎഫും അഞ്ചില്‍ ബിജെപിയും 21 എണ്ണത്തില്‍ യുഡിഎഫും വിജയിച്ചു. ഇത്തവണ യുഡിഎഫിനെതിരെ കടുത്ത വികാരമാണ് നഗരത്തിലാകെയുള്ളത്. ഒപ്പം യുഡിഎഫ് കക്ഷികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വിമതന്മാരും രംഗത്തുണ്ട്. നേതാക്കളുടെ അഴിമതിക്കെതിരെ പ്രതിഷേധവുമായാണ് ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. പല വാര്‍ഡിലും യുഡിഎഫ് വിജയത്തെ ഇത് ബാധിക്കുമെന്നുറപ്പായി. കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കുമെതിരെ രണ്ടുവീതം റിബലുകള്‍ സജീവമാണ്. യുഡിഎഫ് വിജയിച്ചുവരുന്ന വാര്‍ഡുകളിലാണ് വലിയ പിന്തുണയോടെ റിബലുകള്‍ രംഗത്തുള്ളത്. എല്‍ഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു മുമ്പേ വിജയമുറപ്പിച്ച രീതിയിലാണ് കാഞ്ഞങ്ങാട്ടെ പ്രവര്‍ത്തനം.യുഡിഎഫ് കുത്തകയെന്ന് പ്രചരിപ്പിക്കുന്ന കാസര്‍കോട് മുനിസിപ്പാലിറ്റിയിലും അവരുടെ നില അത്ര ഭദ്രമല്ല. റിബല്‍ ശല്യത്തിനൊപ്പം നഗരഭരണത്തിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് വളരെ പ്രകടമാണ്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തളങ്കര ഭാഗത്തുപോലും വെല്ലുവിളി ഉയര്‍ത്തി സ്വതന്ത്രര്‍ രംഗത്തുവന്നത് യുഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതില്‍ പല സ്ഥാനാര്‍ഥികള്‍ക്കും ജനങ്ങളുടെ വലിയതോതിലുള്ള പിന്തുണ കിട്ടുന്നുണ്ട്. ചില വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളതെന്നാണ് പൊതു സംസാരം. എന്തായാലും ഈ നഗരസഭയിലും ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കും. ആകെയുള്ള 38 വാര്‍ഡില്‍ നിലവില്‍ 23 സീറ്റ് യുഡിഎഫിന് സ്വന്തമാണ്. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് നഗരത്തില്‍ കാര്യമായ ചലനമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുമില്ല.












