ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടരുത്: ഇന്ത്യ


രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാകിസ്താന് യാതൊരു അവകാശവുമില്ല. ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന പ്രവണത പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാകിസ്താന്‍ മന്ത്രിസഭയുടെ തീരുമാനത്തെ ഏകകണ്ഠമായി തള്ളിക്കളയുന്നുവെന്നും ഭീകരവാദത്തിന് പിന്തുണ നല്‍കി ദക്ഷിണേഷ്യയിലെ ക്രമസമാധാനം തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-പാക് സമാധാനത്തിന് പാകിസ്താന്റെ നിലപാട് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കശ്മീര്‍ സൈന്യം വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 19ന് പാകിസ്താന്‍ കരിദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.




Sharing is Caring