കൊച്ചി: ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുവര്‍ഷത്തിന് ശേഷമാണ് പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്ബ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2012 ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് 2012ലാണ് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും പിന്നീട് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ ആനക്കൊമ്ബ് കൈവശം വക്കാന്‍ അനുമതി നല്‍കുകയായിരുന്നു. മോഹന്‍ലാലിന് അനുമതി നല്‍കിയത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. ഇതിന്റെ പിന്നില്‍ ഗൂഡാലോചന നടന്നെന്നാരോപിച്ചായിരുന്നു വിജിലന്‍സ് കോടതിയില്‍ ഏലൂര്‍ സ്വദേശി കേസ് നല്‍കിയത്. മോഹന്‍ലാലിനും തിരുവഞ്ചൂരിനും ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.














