കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ (യു.എ.പി.എ) നിയമം ഹൈക്കോടതി റദ്ദാക്കി. മൂന്നു കേസുകളില്‍ ചുമത്തിയ യു.എ.പി.എയാണ് കോടതി റദ്ദാക്കിയത്.നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചു, സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിനെതിരായ കേസുകള്‍. ഇതില്‍ രണ്ട് കേസുകള്‍ വളയം പൊലിസും ഒരു കേസ് കുറ്റ്യാടി പൊലിസും രജിസ്റ്റര്‍ ചെയ്തതാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ് ഇപ്പോള്‍ കഴിയുന്നത്.
2016 മുതല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷന്‍ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷ് കോടതിയില്‍ വാദിച്ചത്. തന്റെ പേരില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെയാണെന്ന് രൂപേഷ് വാദിച്ചു. കൂടാതെ, പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും ജസ്റ്റിസ് രാജ വിജയരാഘവന്‍ വിവരങ്ങള്‍ തേടിയിരുന്നു.പ്രോസിക്യൂഷന് അനുമതി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.














