ആധുനിക വത്കരണം;പ്രതിരോധ വകുപ്പ് 20,000 കോടിയുടെ സഹായം തേടി


ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കരസേനാ ആയുധങ്ങള്‍ നവീകരിക്കാന്‍ പ്രതിരോധ വകുപ്പ് 20,000 കോടിയുടെ സഹായം തേടി. കരസേനയുടെ ആയുധ ബലം വര്‍ധിപ്പിക്കുന്നതിന് 20,000 കോടി അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി സഞ്ജയ് മിത്ര അറിയിച്ചു.


ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവുമായി ചര്‍ച്ച നടത്തിയതായും മിത്ര പറഞ്ഞു. ദൈനംദിന ചിലവുകള്‍, സൈനികരുടെ ശമ്പളം തുടങ്ങിയവയ്ക്കായി 1,72,774 കോടി രൂപയാണ് പ്രതിരോധ വകുപ്പിന്റെ ചെലവ്. കൂടാതെ ആയുധങ്ങള്‍ക്കും മറ്റുമായി 86,488 കോടിയും 2017- 18 ബജറ്റില്‍ വകയിരുത്തിയിരുന്നു.


വലിയ തോക്കുകള്‍, പീരങ്കികള്‍, ചെറു ഹെലിക്കോപ്ടറുകള്‍, രാത്രിയില്‍ യുദ്ധം ചെയ്യുന്നതിനാവശ്യമായ സാധന സാമഗ്രികള്‍ എന്നിവ ആധുനിക വത്കരിക്കുന്നതിനും, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവ അധുനിക വത്കരിക്കാനാണ് പ്രതിരോധ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിനുശേഷം കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ രാജ്യത്തെ യുദ്ധ സാമഗ്രികള്‍ അടിയന്തിരമായി ആധുനിക വത്കരിക്കാന്‍ പ്രതിരോധ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് 12,000 കോടിയുടെയുടെ ആയുധക്കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടിട്ടുമുണ്ട്. വെടിമരുന്നുകളും തോക്കുകളും ഉള്‍പ്പടെ 11ഓളം കരാറുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 10 എണ്ണവും റഷ്യയുമായാണ്.

13-ാമത് പ്രതിരോധ പദ്ധതി(2017- 2022) റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സൈനികായുധങ്ങള്‍ ആധുനിക വത്കരിക്കുന്നതിന് 26.84 ലക്ഷം കോടിരൂപയുടെ ആവശ്യമുണ്ടെന്ന് ദേശീയ പത്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.



Sharing is Caring